ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ബി.സി 300 മുതല്‍ എ.ഡി.200 വരെ നിലനിന്നിരുന്നുവെന്നു ചരിത്രപണ്ഡിതന്മാര്‍ കരുതുന്ന സംഘകാലത്തോളം പഴക്കം ഏഴംകുളത്തിനും അവകാശപ്പെടാം. നേരിട്ട് ഏഴംകുളത്തെപ്പറ്റി പരാമര്‍ശമില്ലെങ്കിലും ഏഴംകുളത്തിനടുത്ത പ്രദേശമായ കൊടുമണ്ണിനെപ്പറ്റി കപിലരും, അരശ്ശില്‍ കീഴാറും പരാമര്‍ശിക്കുന്നതില്‍ നിന്ന് സംഘകാലതമിഴകത്തിന്റെ ഭാഗമായിരുന്നു ഏഴംകുളമെന്ന് കാണാം. ഏഴംകുളംദേവീക്ഷേത്രത്തിലെ പ്രധാന കെട്ടുകാഴ്ചയായ എടുപ്പുകുതിര, സ്ഥലനാമങ്ങള്‍ എന്നിവ ബുദ്ധമതസംസ്കാരത്തിന്റെ സ്വാധീനത്തിനുള്ള നിദര്‍ശനങ്ങളാണ്. എ.ഡി 12-ാം നൂറ്റാണ്ടില്‍ ഏഴംകുളം, ചെന്നീര്‍ക്കര സ്വരൂപത്തിന്റെ അധീനതയില്‍ ആയിരുന്നുവെന്ന് വേണാട് ഇളംകൂര്‍ ദേവമാര്‍ത്താണ്ഡവര്‍മ്മയുടെ (കൊല്ലവര്‍ഷം 343-ാമാണ്ട്) കിളിമാനൂര്‍ ശാസനത്തില്‍ കാണുന്നു. ഏഴംകുളത്തിനടുത്ത പ്രദേശമായ നെടുമണ്ണിനെപ്പറ്റിയും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. 1817-ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ വാര്‍ഡും, കോണ്ണറും ചേര്‍ന്നു നടത്തിയ തിരുവിതാംകൂര്‍ സര്‍വ്വേയില്‍ ഏഴംകുളം, ഇളയിടത്തുസ്വരൂപമെന്ന പേരിലറിയപ്പെട്ടിരുന്ന കൊട്ടാരക്കരത്തമ്പുരാന്മാരുടെ അധീനതയിലായിരുന്നുവെന്ന് വ്യക്തമാവുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടന്ന സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളേയും സാമുദായികപരിഷ്ക്കാരങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച പാരമ്പര്യം ഏഴംകുളത്തിനുണ്ട്. ഹൈന്ദവസമൂഹത്തില്‍ തൊട്ടുകൂടായ്മയും ജാതിമേല്‍ക്കോയ്മയും നിലനിന്നിരുന്ന പഴയ കാലത്ത് അയിത്തജാതിക്കാരായി കരുതിയിരുന്നവരെയും തന്റെ ഗൃഹത്തില്‍ പ്രവേശിപ്പിച്ചിരുന്ന കിഴക്കേ മഠത്തില്‍ പരശുരാമയ്യര്‍ അയിത്തോച്ചാടനത്തിനായി വിപ്ലവകരമായി പ്രവര്‍ത്തിക്കാന്‍ മുന്നാട്ടുവന്ന വ്യക്തിയാണ്. 1934-ല്‍ ഏഴംകുളത്ത് കോണത്തുമൂല കോളനിയില്‍ മഹാത്മാഗാന്ധിയും 1961-ല്‍ ഏനാത്തില്‍ നെഹ്രുവും എത്തിച്ചേര്‍ന്നിരുന്നു എന്നത് ചരിത്രസംഭവമാണ്. 1967-ല്‍ ഏഴംകുളം പുതുമലപ്രദേശത്ത് എ.കെ.ഗോപാലന്‍ എത്തുകയും മിച്ചഭൂമിസമരത്തിന് നേതൃത്വം നല്‍കുകയുമുണ്ടായി. 1959-ല്‍ കൊടുമണ്‍ റബ്ബര്‍ പ്ളാന്റേഷന്‍ രൂപീകരണം ഏഴംകുളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. അന്നത്തെ കര്‍ഷകസംഘം നേതാവും എം.എല്‍.എ.യുമായിരുന്ന പന്തളം പി.ആര്‍.മാധവന്‍പിള്ള, ഈ പ്രദേശത്തുകാരനും പില്‍ക്കാലത്ത് എം.എല്‍.എ.യുമായ പി.രാമലിംഗം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റബ്ബര്‍ പ്ളാന്റേഷന് രൂപം നല്‍കിയത്. എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇത് സഹായകമായി. കായംകുളത്തെ തെങ്ങില്‍ കയറിയാല്‍ ഏഴംകുളത്തെ തൂക്കം കാണാം എന്ന പ്രസിദ്ധമായ ചൊല്ലുതന്നെ ഏഴംകുളം ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ തൂക്കത്തിന്റെ പ്രാധാന്യവും പ്രസിദ്ധിയും വിളിച്ചറിയിക്കുന്നവയാണ്. 800-ലേറെ വര്‍ഷത്തെ പഴമ ഈ ക്ഷേത്രത്തിന് അവകാശപ്പെടാനാവും. കളമെഴുത്തും, പാട്ടും, കുതിരയെടുപ്പ്, ആലുവിളക്ക് എന്നീ ആചാരങ്ങളും ഈ ക്ഷേത്രത്തിലുണ്ട്. കുംഭമാസത്തിലെ ഭരണിനാളിലാണ് ഉത്സവം. ജാതിമതചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഇവിടുത്തെ ഉത്സവത്തില്‍ പങ്കെടുക്കുന്നു. അരനൂറ്റാണ്ടു മുന്‍പു വരെ ഈ ക്ഷേത്രത്തില്‍ ഇരുപത്തിയൊന്നു തൂക്കവും നടന്നിരുന്നു. അറുകാലിക്കല്‍ മഹാദേവക്ഷേത്രം, ഏനാത്ത് മഹാദേവക്ഷേത്രം എന്നിവക്കും ഏറെ കാലത്തെ പഴമയും പെരുമയും അവകാശപ്പെടാനുണ്ട്. ഷേഖ് മിയാ ഖാന്‍ ഔലിയായുടെ കബര്‍ സ്ഥിതിചെയ്യുന്ന ഏനാത്ത് കളമലപ്പളളി വളരെ പഴക്കമുള്ള ആരാധനാകേന്ദ്രമാണ്. 500 വര്‍ഷത്തിലേറെ പഴക്കം ഈ പള്ളിക്കുണ്ട്. കബറിടത്തില്‍ കെടാവിളക്ക് സൂക്ഷിച്ചിരിക്കുന്നു. പ്രസിദ്ധമായ ചന്ദനക്കുടമഹോത്സവം വൃശ്ചികമാസത്തില്‍ നടന്നുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് രണ്ടാഴ്ചക്കാലത്തെ വ്യാപാരമേളയും ഇവിടെ നടന്നുവരുന്നുണ്ട്. ക്രൈസ്തവദേവാലയങ്ങളില്‍ ആദ്യം സ്ഥാപിതമായത് ഏനാത്ത് മാര്‍ത്തോമ്മാപള്ളിയാണ്. കൊല്ലവര്‍ഷം 1035 (ക്രിസ്ത്വബ്ദം 1859-60)-ലാണ് പള്ളി സ്ഥാപിതമായത്. മണ്ണടി, പട്ടാഴി, കിഴക്കുപുറം, ഏനാത്ത് പ്രദേശങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് സ്ഥാപിച്ച പള്ളിയുടെ പ്രഥമവികാരി കാവനാല്‍ മാമ്മന്‍ കത്തനാരായിരുന്നു. 1932-ല്‍ സ്ഥാപിച്ച നെടുമണ്‍ യാക്കോബായ സിറിയന്‍ പള്ളിയും പ്രധാന ആരാധനാലയമാണ്. 1951-ലാണ് ഏഴംകുളം പഞ്ചായത്ത് നിലവില്‍ വന്നത്. ഏനാത്ത്, ഏഴംകുളം വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 12 വാര്‍ഡുകളുണ്ട്. 1951-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ല. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് സി.പി.നാണുനായര്‍ ആയിരുന്നു.